കൊച്ചി: കേരളരാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയ പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ അഴിമതിക്കേസിൽ ഉൾപ്പെട്ടതാണ് വി.കെ. ഇബ്രാഹിംകുഞ്ഞ് എന്ന നേതാവിന്റെ പൊതുപ്രവർത്തന വഴികളിൽ കല്ലുകടിയായത്. ഇബ്രാഹിംകുഞ്ഞിന്റെ രാഷ്ട്രീയജീവിതത്തിന്റെ അസ്തമനത്തിന്റെ തുടക്കംകൂടിയായിരുന്നു ഈ അഴിമതിക്കേസ്.
2014ൽ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് പാലാരിവട്ടം പാലം നിർമാണത്തിന് അനുമതി നൽകിയത്. 42 കോടി രൂപയായിരുന്നു നിർമാണച്ചെലവ്. 2014 സെപ്റ്റംബറിൽ നിർമാണം തുടങ്ങി. 2016 ഒക്ടോബറിൽ ഗതാഗതത്തിനു തുറന്ന പാലത്തിന്റെ നിർമാണത്തിൽ അപാകതയുണ്ടെന്ന് ആദ്യം പരാതി ഉയർന്നത് 2017ൽ.
അന്നു പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരൻ അന്വേഷണത്തിന് ഉത്തരവിട്ടു. 2018ൽ പാലത്തിൽ പലയിടങ്ങളിലും വിള്ളൽ കണ്ടെത്തിയതിനെത്തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 2019ൽ മദ്രാസ് ഐഐടി പാലത്തിന്റെ ബലക്ഷയത്തെക്കുറിച്ച് പഠനം നടത്തി. ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതോടെ പാലം അടച്ചു.
സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. പാലത്തിന്റെ നിർമാണ കരാറുകാർക്ക് ചട്ടം ലംഘിച്ചു വായ്പ അനുവദിക്കാൻ അനധികൃതമായി ഇടപെടൽ നടത്തിയെന്നതായിരുന്നു ഇബ്രാഹിംകുഞ്ഞിനെതിരേ ഉയർന്ന ആരോപണം. കുറഞ്ഞ പലിശയ്ക്കു വായ്പ നൽകിയതിലൂടെ സർക്കാരിന് നഷ്ടമുണ്ടാക്കിയെന്ന് വിജിലൻസ് കണ്ടെത്തി.
കേസിൽ പിഡബ്ല്യുഡി സെക്രട്ടറിയായിരുന്ന ടി.ഒ. സൂരജിനെ അറസ്റ്റ് ചെയ്തിരുന്നു. ഇബ്രാഹിംകുഞ്ഞിനെ കേസിൽ പ്രതിചേർത്തു. 2020 നവംബർ 18ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ചികിത്സയിലിരിക്കെ നെട്ടൂരിലെ ആശുപത്രിയിലെത്തിയാണ് വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.
ബലക്ഷയം സംഭവിച്ച പാലം ഡിഎംആർസിയുടെ നേതൃത്വത്തിൽ നവീകരിച്ച് ഗതാഗതയോഗ്യമാക്കി. പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ കരാർ കമ്പനിയായ ആർഡിഎസ് പ്രോജക്ടിന് സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.